തിരൂർ പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി
തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ ആലത്തിയൂർ സ്വദേശിയായ ആലുക്കൽ സെയ്തലവി മകൻ സാബിനുൽ (38)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ സ്‌പെഷ്യൽ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആണ് ഉത്തരവിറക്കിയത്. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ദേഹോപദ്രവമേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്..

ഒരു വർഷക്കാലം ഇനി മലപ്പുറം ജില്ലയിൽ പ്രവേശിക്കുവാൻ അനുമതിയില്ല. ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങിക്കണം. പ്രതി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തിരൂർ പോലീസ് സ്റ്റേഷനിലോ(04942422046, 9497987166, 9497980683) ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (04832734993) വിവരം അറിയിക്കണമെന്നു പോലീസ് അറിയിച്ചു. ഇത്തരത്തിൽ ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവർക്കെതിരെയും കാപ്പ നിയമം നടപ്പിലാക്കുവാൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.