സിൽവർ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സിൽവർ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടിയാണ് പിണറായി വിജയൻ മോദിയെ കണ്ടത്. വൈകിട്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും.

പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ജോൺ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു. സിൽവർ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും,​ സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാനമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് സൂചന. ഓഹരിയുടമകൾക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണെന്നും ധരിപ്പിച്ചു.