രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില എണ്ണകമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ വില വർധനവ് നിലവിൽ വരും. ചൊവ്വാഴ്ചയും പെട്രോൾ-ഡീസൽ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു.

2021 നവംബർ നാലിന് ശേഷം 2022 മാർച്ച് 21നാണ് ഇന്ത്യയിൽ ഇന്ധനവില കമ്പനികൾ വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കമ്പനികൾ വിലവർധനവ് പിടിച്ചുനിർത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ പിന്നിട്ടിട്ടും കമ്പനികൾ വില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ കമ്പനികൾ വില വർധിപ്പിക്കാൻ ആരംഭിക്കുകയായിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പിനെ തുടർന്ന് ഇന്ധനവില വില വർധിപ്പിക്കാത്തത് മൂലം കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ട് മൂഡീസ് പുറത്ത് വിട്ടിരുന്നു. ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികളുടെ നഷ്ടക്കണക്ക് സംബന്ധിച്ചായിരുന്നു റേറ്റിങ് ഏജൻസിയുടെ റിപ്പോർട്ട്.