സംസ്ഥാനത്ത് നാളെ മുതല്‍ 4 ദിവസം ബാങ്കില്ല
തിരുവനന്തപുരം: അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നാളത്തെ ബാങ്ക് അവധിയും ഞായറാഴ്ചക്കും ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലായതിനാൽ ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീൺ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും. എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടണമെന്നില്ല.
പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. വീണ്ടും ഏപ്രിൽ ഒന്നിനു വാർഷിക ക്ലോസിങ് ദിനമായതിനാൽ പ്രവർത്തിക്കില്ല. ഏപ്രിൽ 2നു പ്രവർത്തിക്കും. തുടരെയുള്ള അവധി ദിവസങ്ങള്‍ ഇടപാടുകാരെയും സാമ്പത്തിക വർഷാവസാനത്തിൽ വന്ന നീണ്ട അവധികൾ ജീവനക്കാരെയും വല്ലാതെ വലയ്ക്കുന്നുണ്ട്.