പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി സ്വദേശി കുരിശുമുട്ടിൽ സിറിൽ മാത്യു(34), യമു തൃശ്ശൂർ എന്നിവരെയാണ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
സംഭവ ദിവസം 4 ഓളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം അടക്കം തട്ടികൊണ്ടു പോകുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശികളായ സതീഷ്, ശ്രീജിത്ത്, മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഷാദ്, ബിജേഷ്, ആലപ്പുഴ സ്വദേശികളായ അജി ജോൺസൻ, രഞ്ജിത്ത്, വയനാട് സ്വദേശി സുജിത്ത് അടക്കം 10 ഓളം പേരെ മുൻപ് അറസ്റ്റു ചെയ്തിരുന്നു.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ കവർച്ചക്ക് എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ കവർച്ച രണ്ട് ദിവസം മുൻപ് ഒരു റിഹേഴ്സൽ നടത്തിയതായും വ്യക്തമായിട്ടുണ്ട്. കവർച്ചക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു മുൻപ് നിലമ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് ഉൾപ്പെടെ 3 ഓളം കേസിൽ പ്രതിയാണ്. എറണാംകുളം നെടുമ്പാശേരിയിൽ കവർച്ചാ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളിലാണ് ജയിലിൽ വച്ച് പരിചയപ്പെട്ട കൂട്ടുപ്രതികളെ സംഘടിപ്പിച്ച് ഇവിടെ കവർച്ചക്ക് എത്തിയത്.
കവർച്ചക്ക് ശേഷം നിലമ്പൂരിലെ സിറിൽ മാത്യുവിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ വീട്ടിൽ എത്തി പണം എല്ലാവർക്കും വീതം വയ്ക്കുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. കൂടാതെ ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ടും ഇയാളുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുൾപ്പെട്ട സംഘം മുൻപും കവർച്ച ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, ഹമീദലി, ജസീർ, രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.