ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്ക് തോൽവി; ചാമ്പ്യന്മാരെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത

മുംബൈ : ഐപിഎല്ലിൽ 15 ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 132 റൺസ് എന്ന വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് കൊൽക്കത്ത മറികടന്നു.

കൊൽക്കത്തയുടെ ഓപ്പണർമാരായ അജിങ്ക്യ രഹാനെയും വെങ്കടേഷ് അയ്യരും ഫോമിലായത് ടീമിന് ആത്മവിശ്വാസം പകർന്നു. 34 പന്തിൽ ഒരു സിക്സും ആറ് ഫോറുമടക്കം 44 റൺസാണ് രഹാനെ എടുത്തത്. 16 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 16 റൺസെടുത്ത വെങ്കടേഷിനെ ഡ്വെയ്ൻ ബ്രാവോയാണ് മടക്കിയത്. തുടർന്ന് നിതീഷ് റാണയെ കൂട്ടുപിടിച്ച് രഹാനെ സ്‌കോർ 76 ലേക്ക് ഉയർത്തി. 17 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 21 റൺസെടുത്ത റാണെയേയും പുറത്താക്കിയത് ബ്രാവോ തന്നെ. 12 -ാം ഓവറിൽ രഹാനെയെ സാന്റ്‌നർ പുറത്താക്കി. ഇതോടെ കൊൽക്കത്ത പ്രതിരോധത്തിലായി.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ – സാം ബില്ലിങ്സ് സഖ്യം 36 റൺസ് ചേർത്ത് കൊൽക്കത്തയെ 100 കടത്തി. 22 പന്തിൽ നിന്ന് 25 റൺസ് നേടിയ ബില്ലിങ്സ് 18-ാ ഓവറിൽ പുറത്തായെങ്കിലും 19 പന്തുകൾ നേരിട്ട ശ്രേയസ് 20 റൺസോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തിരുന്നു. അർദ്ധ സെഞ്ച്വറി എടുത്ത മുൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 38 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 50 റൺസോടെ ധോണി പുറത്താകാതെ നിന്നു.