അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും; നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്

മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സിൽ പറയുന്നത്.

വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാർത്ഥികൾ തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും ഇത് കുടുംബമായി ജീവിക്കുന്നവരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു.

സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സിൽ കോളേജിൽ നടക്കുന്ന പരിപാടികൾ കഴിഞ്ഞ് വൈകിയും വിദ്യാർത്ഥികൾ പ്രദേശത്ത് തുടരുന്നതും തമ്മിൽ ഇടപഴകുന്നതും തങ്ങൾക്ക് അലോസരമുണ്ടാക്കുന്നു, വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടാക്കുന്നതും ഇവർ ലഹരി ഉപയോഗം നടത്തുന്നതും തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടായതിന് പിന്നാലെ പോലീസിനെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് ഫ്‌ളെക്‌സ് വെച്ചത് എന്നാണ് ഇവർ അറിയിക്കുന്നത്. ഫ്‌ളെക്‌സ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അഞ്ച് മണിയെന്നത് ആറു മണിയാക്കി തിരുത്തിയിട്ടുണ്ട്. ഫ്ളെക്സിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാർത്ഥികളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന ഭീഷണി നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.