ഫോൺ നമ്പർ സേവ് ചെയ്യാതെയും വാട്സാപ്പിൽ മെസേജ് അയക്കാം

കുടുംബത്തോടും സുഹൃത്തക്കളോടും നാം നിരന്തരമായി ആശയവിനിമയം നടത്തുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. അവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇടയ്ക്കിടെ നാം സ്റ്റാറ്റസും ആക്കാറുണ്ട്. എന്നാൽ അവരോടൊക്കെ ഒപ്പമുള്ള നിമിഷങ്ങൾ നമുക്ക് പരിചയമില്ലാത്തൊരാൾ നിരന്തരമായി കണ്ടു കൊണ്ടിരുന്നാൽ എന്ത് തോന്നും? എന്നാൽ അങ്ങനെ സ്ഥിരം സംഭവിക്കാറുണ്ട്. പക്ഷെ അത് നമ്മൾ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. എങ്ങനെയെന്നല്ലേ? നമ്മുടെ ഫോണിലെ കോണ്ടാക്ടുൾ നോക്കിയാൽ അറിയാം താത്കാലിക ആവശ്യങ്ങൾക്കായി സേവ് ചെയ്തിട്ട് പിന്നീട് ഡിലീറ്റ് ചെയ്യാൻ മറന്നു പോയ ഒരുപാട് ആൾക്കാരുടെ നമ്പരുകൾ. ഇവരെല്ലാം നമ്മുടെ സ്റ്റാറ്റസുകളും പ്രൊഫൈലിലെ ഡിസ്പ്ലെ പിക്ചറുമൊക്കെ (ഡിപി) സ്ഥിരം കാണുന്നവരായിരിക്കാം.

വാട്സാപ്പിൽ ഒരാൾക്ക് സന്ദേശം അയയ്ക്കണമെങ്കിൽ അയാളുടെ നമ്പർ നമ്മുടെ ഫോണിൽ സേവ് ചെയ്യണം. എന്തെങ്കിലും താത്കാലിക ആവശ്യത്തിനായി പരിചയമില്ലാത്ത ഒരാൾക്ക് വാട്സാപ്പിലൂടെ ഫോട്ടോയോ ഫയലോ കൈമാറണമെങ്കിലും അയാളുടെ നമ്പർ സേവ് ചെയ്യാതെ അയക്കാനാവില്ല. അങ്ങനെ സേവ് ചെയ്യുന്ന നമ്പരുകൾ നമ്മൾ പിന്നീട് ഡിലീറ്റ് ചെയ്യാറുമില്ല. ഇത് ചിലപ്പോഴെങ്കിലും പ്രശനങ്ങൾ സൃഷ്ടിച്ചെന്നു വരാം. നമ്മുടെ കുടുംബത്തിന്റെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോട്ടോയോ വീഡിയോയോ സ്റ്റാറ്റസ് ആക്കുന്ന സമയത്ത് പരിചയമില്ലാത്ത ഇത്തരക്കാർക്കും അത് കാണാനാകും. ഇവരിൽ പ്രശ്നക്കാരുണ്ടെങ്കിൽ ആ ചിത്രങ്ങൾ സ്‌ക്രീൻഷോട്ട് എടുത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതിനാൽ തന്നെ അപരിചിതരുടെ നമ്പരുകൾ സേവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ അത്യാവശ്യ ഘട്ടങ്ങളിൽ സേവ് ചെയ്‌തേ പറ്റു. അത് പിന്നീട് ഓർത്തു വെച്ച് ഡിലീറ്റ് ചെയ്യുന്ന കാര്യമോർത്ത് ഇനി പേടിക്കേണ്ട. ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് വാട്സാപ്പ് വഴി ഫയലുകളയക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ ട്രിക്ക് പരിചയപ്പെടാം. വാട്സാപ്പിൽ ഇതിനായുള്ള സെറ്റിംഗ്സ് ഒന്നുമില്ല. പക്ഷെ അത് സാധ്യമാക്കാനാകുന്ന വഴിയുണ്ട്. വളരെ ലളിതവും ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടു ചെയ്തു തീർക്കാനുമാകുന്ന ഈ വഴി ഓർത്തു വയ്ക്കുന്നത് ഭാവിയിൽ ഉപകാരപ്പെടും. ഇതിനായി വാട്സാപ്പിന്റെ തന്നെ ഔദ്യോഗികമായ ഒരു ലിങ്ക് നിലവിലുണ്ട്. അതിനെ പറ്റി കൂടുതൽ പേർക്കും അറിവില്ല. ഈ ലിങ്ക് വഴി എങ്ങനെയാണ് നമ്പർ സേവ് ചെയ്യാതെ ഒരാൾക്ക് മെസേജ് അയയ്ക്കുന്നതെന്ന് നോക്കാം.

ആദ്യമായി നിങ്ങളുടെ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക. മിക്ക ആൾക്കാരും ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോമാണ്. അതിനു ശേഷം സെർച്ച് ചെയ്യാനുള്ള ഭാഗത്ത് https://wa.me/phonenumber എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ ഫോൺ നമ്പരിന്റെ സ്ഥാനത്ത് ഏത് വ്യക്തിക്കാണോ ഫയൽ കൈമാറേണ്ടത് അയാളുടെ വാട്സാപ്പ് നമ്പർ ആണ് കൊടുക്കേണ്ടത്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരു പച്ച ബോക്സ് തെളിയും. അതിൽ കണ്ടിന്യു ടു ചാറ്റ് എന്ന ഓപ്ഷൻ കാണാനാകും. അതിൽ ടച്ച് ചെയ്താൽ നിങ്ങളുടെ സ്‌ക്രീനിൽ ആ വ്യക്തിയുമായുള്ള ചാറ്റ് ബോക്സ് തുറക്കും. ഇവിടെ നിങ്ങൾക്ക് അയാളുടെ നമ്പരിലേക്ക് ഫയലോ ടെക്സ്‌റ്റോ ഒക്കെ അയയ്ക്കാവുന്നതാണ്. ഈ ചെറിയ ട്രിക്ക് ഓർത്തു വയ്ക്കുന്നത് ഭാവിയിൽ അപരിചിതർക്ക് സന്ദേശമയക്കുന്ന സമയത്ത് ഉപകാരപ്പെടും. പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് പരിചയമില്ലാത്തവർ കാണില്ല. സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാവുമെന്ന് നമുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റ് സെറ്റിംഗ്സുകളും വാട്സാപ്പിൽ ലഭ്യമാണ്.