ബസ് മിനിമം നിരക്ക് 10 രൂപ ആക്കിയിട്ടും അതൃപ്തിയോടെ ബസുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ ബസ് യാത്രാ നിരക്ക് വർദ്ധനവ് സ്വീകാര്യമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വർദ്ധനവ് സ്വകാര്യ ബസുകൾക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാർജിൽ വർദ്ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു
അതേസമയം, ഇന്ധനവില, സ്‌പെയർ പാർട്ട്‌സ് വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വർദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ബസ്, ഓട്ടോ-ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ്ജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാർജ്ജ് വർദ്ധന. ബസ്സുകളുടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയിൽ നിന്ന് ഒരു രൂപയായും വർധിപ്പിക്കും. വിദ്യാർത്ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
ഓട്ടോറിക്ഷകൾക്ക് രണ്ട് കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയായും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റർ വരെ 35 രൂപയും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. 1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് 5 കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്‌സി കാറുകൾക്ക് 5 കിലോമീറ്റർ വരെ മിനിമം ചാർജ് 225 രൂപയും, തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.
വെയ്റ്റിങ് ചാർജ്ജ് രാത്രിയാത്ര തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.