തിരൂരിൽ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ മര്‍ദിച്ച അഞ്ച് പേര്‍ അറസ്റ്റില്‍
മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ തിരൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
പണിമുടക്ക് ദിവസം രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യാസറിനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറയുന്നു.
പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മര്‍ദ്ദിച്ചെന്നും യാസര്‍ പറയുന്നു. എസ്ടിയു, സിഐടിയു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ പറയുന്നു.