അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി.മലപ്പുറം കരുളായി പടുക്ക വനമേഖലയിൽ കണ്ടെത്തി. രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണിൽപ്പെട്ടത്. വലിപ്പം കുറഞ്ഞ വാനരൻ വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് കുട്ടിത്തേവാങ്ക്. രാത്രികാലത്താണ് ഇവയുടെ സഞ്ചാരം. പകൽ ഇരുണ്ട പ്രദേശത്ത് ഒളിച്ചുകഴിയും. രോമങ്ങൾ നിറഞ്ഞ ശരീരം പട്ടുപോലെയും ഏറെക്കുറെ ഇരുണ്ടതുമാണ്.

മുന്നിലേക്ക് തുറിച്ചുനോക്കുന്ന ഉരുണ്ട മിഴികളും വെളുത്ത മുഖവും മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനുചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവയ്ക്ക് വാലില്ല എന്നതും പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്ക്കോ ഇരട്ടയായോ ആണ് സഞ്ചാരം. മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളെയും ഭക്ഷിക്കും.
ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾകൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് ഇഷ്ടം. പതിനൊന്ന് മുതൽ 13 വർഷംവരെയാണ് ഇവയുടെ ശരാശരി ആയുസ്. ശ്രീലങ്കയിലും പശ്ചിമേഷ്യയിലുമാണ് സാധാരണയായി കണ്ടുവരുന്നത്. കേരളത്തിൽ അപൂർവമാണ്.