സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു

 

മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം  മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക്  സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് എത്തുന്നത് കായിക താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം.വിജയന്‍ പറഞ്ഞു. കളിച്ചിരുന്ന കാലത്ത് മലപ്പുറത്തും കോഴിക്കോടും  സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് വന്നിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എല്ലാ മത്സരങ്ങളും കാണാനുണ്ടാകുമെന്നും ഐ.എം വിജയന്‍ വ്യക്തമാക്കി. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട്  വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ്
 75 -ാമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം. ഏപ്രില്‍ 16 ന്  രാത്രി എട്ടിന്  രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 
ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.  ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, കെ. അബ്ദുല്‍ നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു,അസിസ്റ്റന്റ് കമാന്റന്റ്  ഹബീബ് റഹ്‌മാന്‍, ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി അഷ്‌റഫ്, മറ്റ് ജനപ്രതിനിധികള്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.