വ്യാപന ശേഷി കൂടുതല്‍; എക്‌സ് ഇ വകഭേദം ഇന്ത്യയിലും
മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ സര്‍വേയ്ക്ക് അയച്ച 230 സാമ്പിളുകളില്‍ ഒരു എക്‌സ് ഇ വകഭേദവും ഒരു കാപ്പ വകഭേദവും റിപ്പോര്‍ട്ട് ചെയ്തതായി മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലണ്ടിലാണ് വകഭേദം മൂലമുള്ള ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ രണ്ടിനെക്കാള്‍ 10% വ്യാപനശേഷിയാണ് എക്സ് ഇയ്ക്കുള്ളത്. ജനുവരി 19 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ബിഎ 1, ബിഎ 2 എന്നിവയുടെ വകഭേദമാണ് എക്സ് ഇ. യുകെ ആരോഗ്യ സംരക്ഷണ ഏജന്‍സിയുടെ പഠനമനുസരിച്ച് എക്സ് ഡി, എക്സ് ഇ, എക്സ് എഫ് എന്നീ മൂന്ന് പുതിയ പുനസംയോജിച്ച ഒരേ സ്വഭാവമുള്ള വകഭേദങ്ങള്‍ നിലവില്‍ പ്രചരിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ബ്രിട്ടനില്‍ കണ്ടെത്തിയ ഒമിക്രോണിന്റെ ഡെല്‍റ്റ എക്സ് ബിഎ.1 സങ്കരയിനമായ എക്സ് എഫ് ഫെബ്രുവരി 15ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.