താനൂരിൽ നമസ്കരിക്കുന്നതിനിടെ യുവാവിനെ എസ്‌ഡിപിഐ സംഘം മര്‍ദിച്ചു
താനൂര്‍: കടയില്‍ മതപ്രഭാഷണം സംഘടിപ്പിച്ച യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ എസ്ഡിപിഐ സംഘത്തിന്റെ ശ്രമം.
ഒഴൂര്‍ ഹാജിപ്പടിയില്‍ ആക്രികച്ചവടം നടത്തുന്ന അഹമ്മദ് കബീറി (47)നെയാണ് എസ്ഡിപിഐ സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ആക്രമണം. കടയോട് ചേര്‍ന്നുള്ള മുറിയില്‍ നമസ്കരിക്കുന്നതിനിടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുവിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പേര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ കബീറിന്റെ കണ്ണിനും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.
അബോധാവസ്ഥയിലായിരുന്ന കബീറിനെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. കബീര്‍ ഭാര്യയുമായി താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അവശനായതോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാജിപ്പടിയില്‍ സ്റ്റുഡിയോ നടത്തുകയാണ് ആക്രമിച്ച അബ്ദു. തന്നെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അബ്ദുവും സംഘവും ആക്രമിച്ചതെന്ന് കബീര്‍ താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടതുപക്ഷ അനുഭാവമുള്ള കബീര്‍, മതവിശ്വാസിയുമാണ്. മതവിശ്വാസിയായ തനിക്ക് എങ്ങനെ ഇടതുപക്ഷക്കാരനായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് ചോദിച്ച് പലപ്പോഴും ആശയപരമായി തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്ന് കബീര്‍ പറഞ്ഞു. ഇസ്ലാമിന്റെ ശത്രുക്കളെ നേരിടാന്‍ എല്ലാ വിധ സജീകരണങ്ങളുമായി നില്‍ക്കുകയാണെന്ന് അബ്ദു കബീറിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ആലപ്പുഴ കായംകുളം സ്വദേശിയായ കബീര്‍ എടക്കടപുറം മൂന്നു പള്ളിക്കുസമീപമാണ് താമസം.