കുഴൽ പണവുമായി വേങ്ങര സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: വേങ്ങര, വലിയോറ സ്വദേശി അരീത്തലക്കൽ അഷ്റഫിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് റോഡരികിൽ നിന്നും 43,000 രൂപ കളഞ്ഞുകിട്ടുകയും, പണം പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊന്നാനി എമർജൻസി ടീമിൽ റിപ്പോർട്ട് നൽകി ഉടമയെ കണ്ടെത്തുകയും, പണം കൈപറ്റാൻ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു.
എന്നാൽ പോലീസിന് തോന്നിയ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ അഷ്റഫിനെ വിശദമായി ചോദ്യം ചെയ്യുകയും, മറ്റു സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്സ് ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതിൽ ഇയാൾ വന്ന ബൈക്ക് പരിശോധിക്കുകയും, ബൈക്കിൽ നിന്നും, ശരീരത്തിൽ നിന്നുമായി 4,50,000 രൂപ കണ്ടെത്തുകയുമായിരുന്നു.
ജില്ലയിലുടനീളം കുഴൽപ്പണം വിതരണം ചെയ്യുന്ന മാഫിയയുടെ കണ്ണിയാണോ ഇയാളെന്നും, പൊന്നാനിയിൽ ആർക്കൊക്കെയാണ് പണം നൽകിയതെന്നും അന്വേഷിക്കുന്നതായി പൊന്നാനി സി.ഐ.വിനോദ് വലിയാട്ടൂർ അറിയിച്ചു. സി.ഐക്ക് പുറമെ എസ്.ഐ തോമസ്, എ.എസ്.ഐ അനിൽകുമാർ, പ്രവീൺകുമാർ, പ്രജീഷ്, പ്രിയ എന്നിവർ ചേർന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.