മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ ഉമ്മക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

പാലക്കാട്: മൂന്നുവയസ്സുകാരന്റെ കൊലപാകത്തിൽ ഉമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.ആൺസുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്നും കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറിയെന്നും സഹോദരി ഹാജിറ വെളിപ്പെടുത്തി.ആസിയക്ക് ബന്ധമുണ്ടെന്ന് പറയുന്ന പയ്യന് 20 വയസേ ഉള്ളൂ. ഇവളെ സ്വീകരിക്കുക പോലും ചെയ്യില്ല. കാരണം കല്യാണം കഴിഞ്ഞതോ കുട്ടിയുള്ളതോ ഒന്നും അവനറിയില്ല. അവനോട് മറച്ചുവച്ചതാണ് എല്ലാമെന്നും സഹോദരി പറയുന്നു.

നുണ പറഞ്ഞ് പറ്റിക്കുകയായിരുന്നു.പക്ഷേ ആസിയ വിവാഹം കഴിച്ചതാണെന്നും കുഞ്ഞുണ്ടെന്നും പിരിഞ്ഞ് താമസിക്കുകയാണെന്നുമൊക്കെ അവനോട് ഞാനാണ് പറഞ്ഞത്. അയാളൊരു തെറ്റും ചെയ്തിട്ടില്ല. ഇവളോട് ഭർത്താവിനൊപ്പം പോകാനും കുഞ്ഞിനൊപ്പം ജീവിക്കാനുമാണ് പറഞ്ഞതെന്നും ഹാജിറ വെളിപ്പെടുത്തുന്നു.

‘രാവിലെ ജോലിക്ക് പോകാൻ റെഡിയാകുമ്പോൾ ആസിയ പത്രം വായിച്ച് ഇരിക്കുകയായിരുന്നു.തൊട്ടടുത്ത റൂമിൽ എന്റെ മോളും ഷാനുവും കിടപ്പുണ്ടായിരുന്നു. അവളേം വിളിച്ച് കുഞ്ഞിനെ എണീപ്പിക്കാൻ പറഞ്ഞു. എന്റെ മോളാണ് ഉറക്കെ വിൽച്ചുപറഞ്ഞത്, ഉമ്മാ കുഞ്ഞെണീക്കുന്നില്ലെന്ന്.ഞാൻ നോക്കിയപ്പോൾ കുഞ്ഞിന്റെ കണ്ണ് ചെറുതായി തുറന്നിരിക്കുകയായിരുന്നു. വിളിച്ചിട്ടും വെള്ളം കുടഞ്ഞിട്ടും എണീക്കാതായതോടെ ഞാനാണ് എല്ലാവരെയും വിളിച്ചറിയിച്ചത്.അപ്പോ തന്നെ ഓട്ടോ വിളിച്ച് ആശുപത്രിയിൽ എത്തിച്ചു.

കുഞ്ഞ് മരിച്ചിട്ട് ഏറെ സമയം കഴിഞ്ഞുവെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് അറിയുന്നത്. കുഞ്ഞിന്റെ വായയിലും കഴുത്തിലും നേരിയ നിറവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ കുട്ടി ചലനമറ്റ് മിണ്ടാതെ കിടന്നപ്പോഴും ഒന്നുമറിയാത്ത മട്ടിലാണ് ആസിയ പെരുമാറിയത്. അവനൊപ്പം പോകണമെങ്കിൽ പൊയ്ക്കോട്ടെ.കുഞ്ഞിനെ കൊല്ലണമായിരുന്നോ. ഞാൻ പൊന്നുപോലെ നോക്കിയേനെ. അവനെ മിക്കപ്പോഴും നോക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞാനായിരുന്നു. അവന് ഉപ്പയും ഉമ്മയും ഞങ്ങളായിരുന്നു.ആസിയക്കൊപ്പം ഉറങ്ങാൻ നേരം മാത്രമേ കുഞ്ഞ് കിടക്കാറുള്ളൂ. എപ്പോഴും എന്റെ കൂടെയാണ്’ ആസിയയുടെ സഹോദരി പ്രതികരിച്ചു.

അതേസമയം കൊലപാതകത്തിൽ ആസിയയുടെ സഹോദരിക്കും സഹോദരീ ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുഞ്ഞിന്റെ മുത്തച്ഛൻ രംഗത്ത് വന്നു. കേസിൽ സമഗ്ര അന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം ആവശ്യപ്പെട്ടു.ഇന്നലെയാണ് മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയ അറസ്റ്റിലായത്.

എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി ഷമീർമുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ഷാനു. ഇന്നലെ രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.