കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയ യുവാവ് ജീപ്പിൽ കുഴഞ്ഞു വീണു; രക്ഷകയായെത്തി സുരഭി ലക്ഷ്മി
കോഴിക്കോട്: വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും തിരക്കിയിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം വഴിയേ പോയവരൊടെല്ലാം സഹായം അഭ്യർത്ഥിച്ച യുവാവിനു രക്ഷകയായത് അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി. നടിയുടെ വാഹനത്തിനും കൈ കാണിച്ചതോടെ കാർ നിർത്തിയ ഇവർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചു. അതിനാൽ യുവാവിനെ സമയത്ത് തന്നെ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞു.
കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു. യുവാവിനെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത ശേഷം സുരഭി കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിന്റെ അമ്മയെ കാണുകയും ചെയ്തു. ചൊവ്വ രാത്രിയാണു സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു മനോദൗർബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെ എത്തിയില്ല.
തുടർന്നു ഭർത്താവ് പകലന്തിയോളം നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസുകാർ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകിയ ശേഷം സ്റ്റേഷനിൽ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യിൽ നിന്നു ഭർത്താവിന്റെ നമ്പർ വാങ്ങി ഫോണിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളിൽ ഭർത്താവിന്റെ ഫോൺ ചാർജ് തീർന്ന് ഓഫായി.
രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭർത്താവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പിൽ പുറപ്പെട്ടെങ്കിലും വഴിയിൽവച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാർ പുറത്തിറങ്ങി നിന്നു വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറിൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിർത്തുകയും ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോൾ സുരഭിയും കൂടെപ്പോയി.
യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയിൽ, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.