കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; പിന്നാലെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻടയർ കയറിയിറങ്ങി
കുന്നംകുളം: കെഎസ്ആർടിസി സ്വിഫ്റ്റിന് ഇത് കഷ്ടകാലമെന്നാണ് ജനസംസാരം. നാല് ദിവസത്തിനിടെ നാല് അപകടങ്ങൾ. കുന്നംകുളത്ത് റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എന്നാൽ, യാത്രികനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ് ബസ്സല്ല പിക്കപ്പ് വാൻ ആണെന്ന് വ്യക്തമായി.
ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ബസ്സിന്റെ പിന്നിലെ ടയറാണ് കയറിയത്. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസ്സാണെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയാണ് ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത്. തൃശ്ശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വേഗതയിൽ എത്തിയ ബസ്സ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. അപകടമുണ്ടാക്കിയ ബസ്സ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിക്ക് മുകളിലൂടെ പിന്നീടാണ് കെ സ്വിഫ്റ്റ് ബസ് കയറിയത്. പരസ്വാമിയുടെ കാലിലൂടെ ബസ്സ് കയറിയിറങ്ങിയെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
അപകടം സ്വിഫ്റ്റിന്റെ ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. പൊലീസെത്തിയാണ് പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരമറിഞ്ഞ് അൽപസമയത്തിനകം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളം അപകടത്തിന് മുമ്പ് കോട്ടയ്ക്കലിന് സമീപം മറ്റൊരു കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽ പെട്ടു. കെഎസ് 041 ബസാണ് അപകടത്തിൽ പെട്ടത്. തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിയിൽ തട്ടിയ ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിയുകയും മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇത് മൂന്നാം തവണയാണ് കെ സ്വിഫ്റ്റ് അപകടത്തിൽ പെടുന്നത്. ഏപ്രിൽ 11ന് സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് അന്നേ ദിവസം തന്നെയായിരുന്നു ആദ്യ രണ്ടപകടങ്ങളും സംഭവിച്ചത്. 11 ആം തീയതി രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12 ആം തീയതി രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് മറ്റ് അപകടങ്ങൾ സംഭവിച്ചത്.
കല്ലമ്പലത്ത് വെച്ച് കെഎസ് 29 ബസ് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറർ ഇളകിപ്പോവുകയായിരുന്നു. 35,000 രൂപയുടെ കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആർടിസി വർക്ക് ഷോപ്പിൽ നിന്നും മറ്റൊരു സൈഡ് മിറർ എത്തിച്ചായിരുന്നു യാത്ര തുടർന്നത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസാണ് മലപ്പുറം ചങ്കുവെട്ടിൽ സ്വകാര്യ ബസ്സുമായി ഉരസി രണ്ടാമത്തെ അപകടം ഉണ്ടായത്. ബസിന്റെ ഒരു വശത്തെ പെയിന്റ് പോയിരുന്നു.
അപകടത്തിൽ പെട്ട ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി