എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകം: രണ്ടുപേർ വെട്ടുന്നത് കണ്ടെന്ന് സുബൈറിന്റെ പിതാവ്
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നു. രണ്ട് കാറിലായാണ് അക്രമി സംഘം എത്തിയതെന്നും അബൂബക്കർ പറഞ്ഞു.
അതേസമയം, സംഘത്തിൽ നാല് പേരുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന.
സുബൈർ അപകടത്തിൽ പരിക്കേറ്റതായാണ് ആദ്യം കരുതിയതെന്ന് ആശുപത്രിയിലെത്തിച്ച അയൽവാസി സലിം പറഞ്ഞു. ചെന്നെടുക്കുമ്പോൾ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. പിന്നീടാണ് കൊലപാതകമാണെന്ന് അറിഞ്ഞതെന്നും സലിം പറഞ്ഞു.
നേരത്തെ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളി പാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്. ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.
ജുമുഅ നമസ്കാരത്തിന് ശേഷം പിതാവുമൊത്ത് പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അക്രമം നടന്നത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.