നാല് പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പിന്റെ അപ്‌ഡേറ്റ് വരുന്നു; അറിയാം ഫീച്ചറുകളെ പറ്റി

ഗ്രൂപ്പുകൾക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പിൽ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന തരത്തിൽ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഇപ്പോഴുള്ള വാട്ട്സാപ്പ് ഗ്രൂപ്പിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ കമ്മ്യൂണിറ്റിയിലുണ്ടാവും.

നിലവിൽ നിങ്ങളുടെ വാട്സാപ്പിലുള്ള പല ഗ്രൂപ്പുകളെ ഒരുമിച്ച് ഒരു കമ്മ്യൂണിറ്റി ആക്കി മാറ്റാം. കമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന വ്യക്തിയായിരിക്കും അതിന്റെ അഡ്മിൻ. ഉദാഹരണത്തിന് ഒരു സ്‌കൂളിന്റെ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ഗ്രൂപ്പിനെ ഒരു കമ്മ്യൂണിറ്റി ആക്കാം. ഇതു വഴി സ്‌കൂളിലെ പൊതുവായ അറിയിപ്പുകൾ വെവ്വേറെ ഗ്രൂപ്പുകലിലൂടെ നൽകുന്നതിന് പകരം ഈ ഒരു കമ്മ്യൂണിറ്റിയിൽ പോസ്റ്റു ചെയ്താൽ മതിയാകുമെന്ന് വാട്ട്സാപ്പ് അപ്‌ഡേറ്റിനെ പറ്റി പുറത്തിറക്കിയ ബ്ലോഗിൽ പറയുന്നു.

ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഫീച്ചറാണ് വാട്ട്സാപ്പ് കമ്മ്യൂണിറ്റി. ഇതിൽ ഏതൊക്കെ ഗ്രൂപ്പുകളെ ഉൾപ്പെടുത്തണമെന്നും അവയെ എങ്ങനെ നിയന്ത്രിക്കണമെന്നും അഡ്മിന് തീരുമാനിക്കാം. കമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന ആൾ അതിൽ ചേർക്കേണ്ട ഗ്രൂപ്പുകളെ ആഡ് ചെയ്യുമ്പോൾ ഗ്രൂപ്പിലെ അഡ്മിന് കമ്മ്യൂണിറ്റിയിലേക്കുള്ള ഒരു ക്ഷണം ലഭിക്കും. അതാത് ഗ്രൂപ്പ് അഡ്മിൻമാർ ഈ ക്ഷണം സ്വീകരിച്ചാൽ മാത്രമേ കമ്മ്യൂണിറ്റിയിൽ ചേരാൻ സാധിക്കുകയുള്ളു.

അതേസമയം ഒരാൾ തന്റെ ഗ്രൂപ്പിലേക്ക് മാത്രമായി അയക്കുന്ന സന്ദേശം ആ ഗ്രൂപ്പ് ഉൾപ്പെട്ട കമ്മ്യൂണിറ്റിയിലുള്ള മറ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് കാണാൻ സാധിക്കില്ല. മാത്രമല്ല കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ വേറൊരു ഗ്രൂപ്പിലെ അംഗങ്ങൾക്ക് കാണാൻ സാധിക്കില്ല. ഇതിനൊപ്പം തന്നെ ഏതൊക്കെ ഗ്രൂപ്പിലുള്ളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നതും കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കാം. അതിനാൽ തന്നെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന പേടി വേണ്ട.

വാട്സാപ്പ് കമ്മ്യൂണിറ്റി ഫീച്ചർ കൂടാതെ സന്ദേശ പ്രതികരണങ്ങൾ, ഗ്രൂപ്പുകളിൽ അഡ്മിൻ ഡിലീറ്റ്, രണ്ട് ജിബി വരെയുള്ള ഫയൽ പങ്കിടൽ, കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള വോയ്സ് കോളുകൾ എന്നിങ്ങനെയുള്ള മറ്റ് നാല് ഫീച്ചറുകളും വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഈ ഫീച്ചറുകൾ എല്ലാം തന്നെ വരുന്ന ആഴ്ചകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

വോയ്സ് കോളിൽ കൂടുതൽ പേർ

വാട്സാപ്പ് ഗ്രൂപ്പ് കോളുകളിൽ നിലവിൽ എട്ടു പേരെയാണ് ഉൾപ്പെടുത്താൻ സാധിക്കുക. എന്നാൽ ഈ പരിധി ഉയർത്താനാണ് വാട്സാപ്പിന്റെ തീരുമാനം. ഒരേ സമയം 32 പേർക്ക് വരെ വോയ്സ് കോളിൽ ഉൾപ്പെടുത്തി സംസാരിക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. മാത്രമല്ല വോയ്സ് കോളിന് പുതിയ ഇന്റർഫേസും കമ്പനി രൂപകൽപന ചെയ്തിട്ടുണ്ട്
സന്ദേശ പ്രതികരണങ്ങൾ

ഒരു ഗ്രൂപ്പിൽ വരുന്ന ഒരു മെസേജിന് അഥവാ ഒരു അഭിപ്രായത്തിന് ഗ്രൂപ്പ് അംഗങ്ങളെല്ലാം മെസേജ് അയച്ച് ഗ്രൂപ്പ് നിറയ്ക്കാതെ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ സാധിക്കും. ആ ഇമോജി പോലും മെസേജ് ആയി അയക്കണ്ട. വന്ന സന്ദേശത്തിൽ തന്നെ അതിനുള്ള സൗകര്യമുണ്ടാകും.

അഡ്മിൻ ഡിലീറ്റ്

ഒരു ഗ്രൂപ്പിലെ അനാവശ്യമായതോ സഭ്യമല്ലാത്തതോ ആയ സന്ദേശം അഡ്മിനായ വ്യക്തിക്ക് ഗ്രൂപ്പിലെ എല്ലാവരുടെയും ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണിത്. ഇപ്പോൾ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കുന്ന ഡിലീറ്റ് ഫോർ എവരിവൺ എന്ന ഫീച്ചറിന്റെ ഗ്രൂപ്പിൽ ഉപയോഗിക്കാവുന്ന പതിപ്പാണിത്.

വലിയ ഫയൽ പങ്കിടൽ

ഇതുവരെ വാട്സാപ്പിലൂടെ 100 എംബി വരെയുള്ള ഫയലുകൾ മാത്രമേ പങ്കിടാൻ സാധിക്കുമായിരുന്നുള്ളു. ഈ ലിമിറ്റ് വാട്ട്സാപ്പ് രണ്ട് ജിബി ആയി ഉയർത്തിയിട്ടുണ്ട്.