ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണു: ഒരു മരണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂർ സ്വദേശി അനീഷ് (26) ചികിത്സയിലാണ്.

ഉച്ചയോടെയാണ് അപകടമുണ്ടാകുന്നത്. താമരശ്ശേരി ചുരത്തിൽ ആറാം വളവിലാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ ഇരുവരേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ സ്ഥാനചലനം സംഭവിച്ച കല്ലാണ് ഇവരുടെ ദേഹത്തേയ്‌ക്ക് വീണത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ ഇരുവരും കൊക്കയിലേക്ക് വീണു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.