ഭാര്യ അറിയാതെ ഒരുകോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.
അമേരിക്കയില്‍ നഴ്സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവായ കോടഞ്ചേരി സ്വദേശി സിജു കെ. ജോസിനെയും (52) കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 1,37,938 ഡോളര്‍ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്നായിരുന്നു കേസ്.
കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വയ്ക്കുകയും പിന്നീട് കായംകുളം പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ നിയാസ്, പൊലീസുകാരായ ബിനു മോന്, അരുണ്‍, അതുല്യമോള് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.