ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്

പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സര്‍വകക്ഷിയോഗം ഇന്ന് നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈകീട്ട് 3.30നാണ് യോഗം നടക്കുക.

ജില്ലയിൽ നേരത്തെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20-ാം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന ഇരുകൊലപാതകങ്ങള്‍ക്കും പിന്നാലെ പകച്ചുനില്‍ക്കുകയാണ് ജില്ല. ഇനി അക്രമം ഉണ്ടാവാതിരിക്കാന്‍ ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. എഡിജിപി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്യും. അക്രമ സാധ്യത കണക്കിലെടുത്ത് പാലക്കാട് ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.