സുബൈര്‍ വധക്കേസിൽ അറസ്റ്റ് ഉടൻ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എഡിജിപി
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈര്‍ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾ ഉടന്‍ അറസ്റ്റിലാവും. ഇവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. ശ്രീനിവാസന് വധക്കേസിലെ ആറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും എഡിജിപി പറഞ്ഞു.
ശ്രീനിവാസൻ വധക്കേസിലെ ആറ് പ്രതികൾ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്. സുബൈര്‍ വധക്കേസിലെ പ്രതികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നും വിജയ് സാഖറെ വ്യക്തമാക്കി. സുബൈർ വധകേസിൽ അറസ്റ്റ് ഉടനുണ്ടാവും. ശ്രീനിവാസൻ വധക്കേസിലെ ആറു പ്രതികളിൽ രണ്ടു പേരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരേയും നടപടിയുണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരം പുറത്ത് വിടാൻ കഴിയില്ലെന്നറിയിച്ച എഡിജിപി ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി മന്ത്രി കൃഷ്ണൻ കുട്ടിയെ ധരിപ്പിച്ചതായും വ്യക്തമാക്കി.