ഇരട്ടകൊലപാതകം; വിദ്വേഷ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്.

പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തിൽ സലീമാണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നാണ് ഇയാൾ ഫേസ്ബുക്കിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയത്.

സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.