സന്തോഷ് ട്രോഫി; സര്‍വീസസിന് രണ്ടാം തോല്‍വി, സെമി സാധ്യത മങ്ങി
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച് കര്‍ണാടക. എതിരില്ലാത്ത ഒരു ഗോളിനാണ് കര്‍ണാടക സര്‍വീസസിനെ തോല്‍പ്പിച്ചത്. 38 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍ക്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ രണ്ട് മത്സങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ കര്‍ണാടക ഗ്രൂപ്പില്‍ ഒഡീഷക്കൊപ്പമാണ്. ഇരുവര്‍ക്കും തുല്യപോയിന്റും തുല്യ ഗോള്‍ ശരാശരിയുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവുമായി മൂന്ന് പോയിന്റാണ് സര്‍വീസസിന് ഉള്ളത്. ഈ തോല്‍വിയോടെ സര്‍വീസസിന്റെ സെമി ഫൈനല്‍ യോഗ്യതക്ക് മങ്ങലേറ്റു.
ആദ്യ പകുതി
കര്‍ണാടക നേടി ഗോളൊയിച്ചാല്‍ വിരസമായ ആദ്യ പകുതിയായിരുന്നു മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. 15 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ഒരു അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ പ്രശാന്ത് കിലിങ്ക നല്‍ക്കിയ പാസില്‍ മലയാളി താരം സിജു ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 24 ാം മിനുട്ടില്‍ സര്‍വീസസിന് അവസരം. ബോക്‌സിന് മുമ്പില്‍ നിന്ന് റോണാള്‍ഡോ സിങിന് ലഭിച്ച പന്ത് ബോക്‌സിന് അകത്തേക്ക് കടന്ന് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 28 ാം മിനുട്ടില്‍ സര്‍വീസസിന് അടുത്ത അവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ക്രിസ്റ്റഫര്‍ നല്‍കിയ പാസ് സ്വീകരിച്ച ലിട്ടണ്‍ ഷില്‍ സ്വീകരിച്ച് മുന്നോട്ട് കുതിച്ചു. വലത് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിഅകറ്റി. 38 ാം മിനുട്ടില്‍ കര്‍ണാടക ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് സോലൈമലൈ ഉയര്‍ത്തി നല്‍ക്കിയ പാസ് അന്‍കിത് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സര്‍വീസസ് സമനിലക്കായി ശ്രമിച്ചു. 58 ാം മിനുട്ടില്‍ നടത്തിയ അറ്റാക്കിങ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 66 ാം മിനുട്ടില്‍ മറ്റൊരു അവസരം പകരക്കാരനായി ഇറങ്ങിയ ദീപക് സിങിന്റെ ഹെഡര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യം കാണാതെ പുറത്തേക്ക്. 80 ാം മിനുട്ടില്‍ കര്‍ണാടകക്ക് കിട്ടിയ ഫ്രീകിക്ക് വിക്‌നേഷ് ബോക്‌സിലേക്ക് നല്‍ക്കി. ഗോള്‍ കീപ്പര്‍ തട്ടി അകറ്റിയതിനെ തുടര്‍ന്ന് ലഭിച്ച അവസരം റഫറി ഓഫ്‌സൈഡ് വിളിച്ചു. 86 ാം മിനുട്ടില്‍ സര്‍വീസസിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മലയാളി പ്രതിരോധ താരം അമല്‍ ദാസ് ഗോള്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ലൈനില്‍ നിലയുറപ്പിച്ചിരുന്ന പവന്‍ കൃത്യമായി അടിച്ച് അകറ്റി.