Shobika

‘ഈ സ്നേഹം അനുഭവിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്’; ആരാധകര്‍ക്ക് നന്ദി അറിയിച്ച്‌ സഞ്ജു സാംസണ്‍


ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്‌സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് കായികരംഗം.മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്. ക്രിക്കറ്റിലെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം മലയാളി താരത്തെ വാഴ്ത്തിപ്പാടാന്‍ മത്സരിക്കുകയാണ്.
ഇപ്പോഴിതാ തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകർക്ക് നന്ദി അറിയിക്കുകയാണ് സഞ്ജു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് രണ്ട് ചുവട് ദൂരമേയുള്ളുവെന്നും സഞ്ജു പറഞ്ഞു.

‘എന്നെ പിന്തുണച്ച, സ്‌നേഹിച്ച, പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയ ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നോടുള്ള ഈ സ്‌നേഹം കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളും വളരെ വലിയ കാര്യമാണ്. എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് ഇനി വെറും രണ്ട് ചുവട് മാത്രമാണുള്ളത്’, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1 st paragraph

സഞ്ജു സാംസണിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി
2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നില്‍നിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസണ്‍ (50 പന്തില്‍ 97*) ആണ് ഇന്ത്യയുടെ വിജയശില്‍പി. ഇന്ത്യയുടെ മാച്ച്‌ വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.