സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ചെയ്തത്എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ യുവാവ്; പിടിയിലായത് മലപ്പുറം കുറ്റിപ്പുളി സ്വദേശി
മലപ്പുറം: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ യുവാവ് മലപ്പുറം പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീമി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രകോപനപരമായ രീതിയിൽ ഫേസ് ബുക്കിലൂടെ പോസ്റ്റർ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സജീവപ്രവർത്തകൻ കൂടിയാണ് സലീമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖിന്റെ നിർദേശ പ്രകാരം എസ്‌ഐമാരായ പി.സുനീഷ് കുമാർ, ഇ.എ.അരവിന്ദൻ, എസ്.സി.പി.ഒ അശോകൻ, സി.പി.ഒമാരായ പി.അരുൺ, ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.