കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം; ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇറച്ചിക്കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇറച്ചിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിര, കുഴിവിളാകം സ്വദേശി മനുവിനെയാണ്(36) കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കേരള-തമിഴ്നാട് അതിർത്തിയായ കൊല്ലങ്കോട് പ്രവർത്തിക്കുന്ന കോഴിക്കടയിൽ കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. ഒരു ദയയുമില്ലാതെ കോഴിയെ ജീവനോടെ തന്നെ തൊലിയുരിക്കുന്നതും അതേപോലെ തന്നെ കഷ്ണളാക്കുന്നതും വീഡിയോയില്‍ കാണാം. ചിരിയോടെയാണ് ഇയാളീ ക്രൂരത ചെയ്യുന്നത്. വേറൊരു ആളാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ചിക്കന്‍ വ്യാപാരി സമിതി ആവശ്യപ്പെട്ടിരുന്നു.