തൃശൂരില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓൺലൈൻ ടാക്‌സി

തൃശൂര്‍: നഗരത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ നിന്നു മുക്തമാകുന്നതിനായാണ് ടാക്‌സി തൊഴിലാളികള്‍ ലാഭ എന്ന ഓണ്‍ലൈന്‍ ടാക്‌സി ആപ് തയാറാക്കിയിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ ടാക്‌സി കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് മെയ് ഒന്നിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ വച്ച് ആപ് ലോഞ്ചിങ് നിര്‍വഹിക്കും. തുടര്‍ന്ന് ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ റാലിയും നടക്കും. പ്ലേ സ്റ്റോറില്‍ മാത്രമാണ് നിലവില്‍ ലാഭ ആപ് ലഭ്യമാകുക. വൈകാതെ ആപ്പിള്‍ സ്റ്റോറിലും ലഭിക്കും.
വര്‍ഷങ്ങളായി വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ തൊഴിലാളികളെ കൊള്ളയടിക്കുകയാണ്. രൂക്ഷമായ ഇന്ധനവില വര്‍ധനവും ഭീമമായ ഓണ്‍ലൈന്‍ ടാക്‌സി കമ്മിഷന്‍ ചാര്‍ജും മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്. വന്‍കിട കമ്പനികള്‍ 25 ശതമാനമാണ് ടാക്‌സി തൊഴിലാളികളില്‍ നിന്നും കമ്മിഷന്‍ പറ്റുന്നത്. സര്‍ക്കാര്‍ നിരക്കനുസരിച്ച് 15 രൂപ നിലവിലെ കിലോമീറ്റര്‍ നിരക്ക് ഉണ്ടെങ്കിലും കമ്മീഷൻ കഴിച്ച് കിലോമീറ്ററിന് 10 രൂപയേ ഡ്രൈവർക്ക് ലഭിക്കുന്നുളളൂ. വന്‍കിട കമ്പനികള്‍ക്കു വേണ്ടി തുച്ഛമായ തുകയ്ക്കാണ് ഓടേണ്ടി വരുന്നത്. ഇത് വലിയ ബാധ്യതയാണുണ്ടാക്കുന്നത്. മെയ് ഒന്നു മുതല്‍ 18 രൂപയാകും. ലാഭ ടാക്‌സി ആപ്പിലൂടെ സര്‍ക്കാര്‍ നിരക്കിനേക്കാള്‍ നാലു രൂപ കുറവിലാണ് സര്‍വീസ് നടത്തുന്നത്. പത്തു ശതമാനം കമ്മിഷന്‍ മാത്രമാണ് ലാഭ ഓണ്‍ലൈന്‍ ടാക്‌സി കൂട്ടയായ്മ ഈടാക്കുന്നത്. പ്രസ്തുത തുക നടത്തിപ്പിനും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കുമായി മാറ്റി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരത്തിലോടുന്ന മുഴുവന്‍ ടാക്‌സി തൊഴിലാളികള്‍ക്കും ലാഭ ഡ്രൈവർ ആപ് ഉപയോഗിച്ച് റൈഡ് എടുക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു.