പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം
നെടുങ്കണ്ടം: ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായി. ഇന്നലെ പുലർച്ചെയായിട്ടും കുറയാതിരുന്നതോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആ സമയം കുട്ടിയുടെ വയർ വീർത്ത നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകിയതോടെ വയറുവേദന കുറഞ്ഞു. രാവിലെ 10.30ഓടെ രക്തസമ്മർദ്ദം കുറയുകയും തുടർന്ന് മരണം സംഭവിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദീർഘനാളായി അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു സന്തോഷ്. ഉടുമ്പൻചോല കല്ലുപാലം വിജയമാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി സപർണ.