Fincat

അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നടോടി സ്ത്രീകള്‍ പിടിയില്‍

കൊച്ചി: അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നടോടി സംഘം പിടിയില്‍. നാലു സ്ത്രീകളാണ് സംഘത്തിലുള്ളത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി(22), കസ്തൂരി(22), കേശവന്റെ ഭാര്യ ദേവി(21) എന്നിവരാണ് പിടിയിലായത്.

എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികളെ കണ്ടെത്തുന്നതില്‍ വെല്ലുവിളിയായിരുന്നു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്.

കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരെ പരിശോധിച്ചപ്പോള്‍ മോഷണ വസ്തുക്കളുടെ പകുതി ശരീര ഭാഗത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് പൂട്ടികിടക്കുന്ന വീടുകള്‍ നോക്കിവെച്ച് മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. മോഷണ സമയം വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആക്രമിക്കുകയും ചെയ്യും.

പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടാല്‍ മോഷണത്തിനായി എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. സിസിടിവി ക്യാമറ ഇല്ലാത്ത വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.