സുബൈര്‍ വധക്കേസ്: മൂന്നു ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റിൽ
പാലക്കാട്: എലപ്പുള്ളിയിലെ പോപുലര്‍ ഫ്രണ്ട് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ജില്ലാ കാര്യദര്‍ശി ഗിരീഷ്, ജില്ല സഹകാര്യവാഹക് സുജിത്രന്‍, മണ്ഡല്‍ കാര്യവാഹക് ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് പേരും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പോലിസ് അറിയിച്ചു. ഇതോടെ സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ ഒന്‍പത് പേരായി. നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. സുബൈറിനെ വധിക്കാന്‍ നേരത്തെ രണ്ട് തവണ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലിസ് വ്യക്തമാക്കിയിരുന്നു. ഈ ഗൂഢാലോചന അടക്കം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.
അതേസമയം, സുബൈറിനെ കൊലപ്പെടുത്തിയ അക്രമി സംഘം സഞ്ചരിച്ച കാറിന്റെ ഉടമകളായ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കുടുംബത്തെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറാവത്താത്തില്‍ കടുത്ത ദുരൂഹത നിലനില്‍ക്കുകയാണ്.
നേരത്തേ, സുബൈര്‍ വധക്കേസില്‍ മൂന്നു പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള പോലിസിന്റെ നീക്കം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വന്നതോടെയാണ് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരായത്.