കഴുത്തിൽ ആഴത്തിലുള്ള അടയാളം: റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം
കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദമായ വിവരങ്ങൾ രണ്ട് ദിവസത്തിനകം പൊലീസിന് കൈമാറും. റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോർട്ടം ചെയ്യാനായി മൃതദേഹം പുറത്തെടുത്തത്.

ദുബൈയിൽ നിന്നും പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. പോസ്റ്റുമോർട്ടം കഴിഞ്ഞയുടനെ തന്നെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നാണ് ഇനി വ്യക്തമാകേണ്ടത്. കേസിന്റെ തെളിവെടുപ്പിനും മറ്റുമായി അന്വേഷണം ദുബൈയിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കഴുത്തിലെ ആഴത്തിലുള്ള അടയാളമാണ് റിഫയുടെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടാക്കുന്നത്.
കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു മൃതദേഹം പുറത്തെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആർഡിഒ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
റിഫ മെഹ്നുവിനെ മാർച്ച് ഒന്നിനാണ് ദുബൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയാൽ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കാക്കൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.