ആയിരം പവൻ മോഷ്ടിക്കാൻ കൊന്ന് തള്ളിയത് ദമ്പതികളെ, പ്രതീക്ഷകൾ തകർത്തത് അമേരിക്കയിലുള്ള മകളുടെ ഫോൺവിളി
ചെന്നൈ: ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിച്ചു. അതുറപ്പിക്കാൻ എല്ലാ കരുക്കളും നീക്കി. പക്ഷേ, അമിത ആത്മവിശ്വാസം വിനയായി. ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും കൊള്ളയടിച്ച നേപ്പാള്‍ സ്വദേശി കൃഷ്ണയും സുഹൃത്ത് രവിയും മണിക്കൂറുകൾക്കുളളിലാണ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ചെടുത്തതെല്ലാം ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഗുജറാത്തില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ചെന്നൈ മൈലാപ്പൂര്‍ ബൃന്ദാവന്‍ നഗര്‍ സ്വദേശി ശ്രീകാന്ത് (58), ഭാര്യ അനുരാധ (53) എന്നിവരാണ് കൊല്ലപ്പെട്ടത്.
ദമ്പതികളുടെ ഡ്രൈവറായി വർഷങ്ങളായി ജോലിനോക്കുകയാണ് നേപ്പാൾ സ്വദേശി കൃഷ്ണ. അടുത്തിടെ ദമ്പതികൾ അമേരിക്കയിലുളള മകളുടെ അടുത്തേക്ക് പോയി. ഈ സമയത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്. ഒരു തെളിവുമില്ലാതെ ഇരുവരെയും കൊന്ന് ആഭരണങ്ങളും പണവും കൈക്കലാക്കിയശേഷം നാട്ടിലേക്ക് മുങ്ങി ശിഷ്ടകാലം സുഖമായി ജീവിക്കുകയായിരുന്നു പ്ളാൻ. ഇതിനായി അടുത്ത സുഹൃത്ത് രവിയെയും കൂട്ടുപിടിച്ചു. നാട്ടിലെത്തിയാൽ കൊല്ലാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും അവർ തയ്യാറാക്കി.ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ അമേരിക്കയിൽ നിന്ന് എത്തിയത്.
നാട്ടിലെത്തിയ ശ്രീകാന്തിനെയും അനുരാധയെയും വിളിക്കാൻ കൃഷ്ണ കാറുമായി എത്തിയിരുന്നു. അവരെയും കൂട്ടി നേരെ മൈലാപ്പുരിലെ വീട്ടിലേക്കു പോയി. കാറില്‍വച്ച് ശ്രീകാന്ത് തന്റെ കോടിക്കണക്കിനുള്ള സമ്പാദ്യത്തിന്റെ കാര്യം സംസാരിച്ചു. ഇതോടെയാണ് പെട്ടെന്ന് കൊല നടത്താൻ തീരുമാനിച്ചത്. ശ്രീകാന്തിനെ വീട്ടിലെ താഴത്തെ നിലയില്‍ വച്ചും ഭാര്യയെ ഒന്നാമത്തെ നിലയിലുംവച്ചാണ് കൊലപ്പെടുത്തിയത്. ചപ്പാത്തി പരത്താനുപയോഗിക്കുന്ന റോളർ ഉള്‍പ്പെടെയുള്ളവ കൊല്ലാനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്.
മരണം ഉറപ്പാക്കിയോടെ തെളിവുനശിപ്പിക്കാൻ മൃതദേഹങ്ങൾ ആരുമറിയാതെ കുഴിച്ചുമൂടാൻ തന്നെ തീരുമാനിച്ചു. മൃതദേഹങ്ങള്‍ തുണിയില്‍ മൂടി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. സോളേരിക്കടുത്ത ശ്രീകാന്തിന്റെ ഫാം ഹൗസിലെത്തിച്ച് പൂന്തോട്ടത്തിനുസമീപം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്ന് കൊള്ളയടിച്ച ആഭരണങ്ങളുമായി രക്ഷപ്പെടുകയും ചെയ്തു.
യാത്രാവിവരം അന്വേഷിക്കാന്‍ അമേരിക്കയില്‍നിന്ന് ദമ്പതികളുടെ മകള്‍ വിളിച്ചതാണ് ക്രൂരകൊലപാതകം പുറത്തറിയാൻ കാരണം. പലതവണ വിളച്ചെങ്കിലും ശ്രീകാന്തും ഭാര്യയും ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് ഒരു സുഹൃത്തുവഴി അവര്‍ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കമ്മിഷണര്‍ ശങ്കര്‍ ജിവാളിന്റെ നിര്‍ദേശത്തില്‍ മൈലാപ്പൂര്‍ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരും അവിടെയില്ലെന്നറിയുന്നത്. ഇതോടെ പൊലീസ് മകളുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കൃഷ്ണയാണ് അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നതെന്ന് മകൾ അറിയിച്ചത്. ഇതാേടെ കൃഷ്ണയ്ക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു.മൊബൈൽഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് മൊബൈലിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൃഷ്ണയും സുഹൃത്തും പിടിയിലാവുകയായിരുന്നു.
കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു കൃഷ്ണ എന്നാണ് പൊലീസ് പറയുന്നത്. ശ്രീകാന്തിന്റെ ഫാം ഹൗസിലെ കാവല്‍ക്കാരനായിരുന്നു കൃഷ്ണയുടെ അച്ഛൻ. ചെറുപ്പംമുതലേ കൃഷ്ണയെ അവര്‍ക്ക് അറിയാമായിരുന്നു. മൈലാപ്പൂരിലെ വീടിനോടുചേര്‍ന്ന് ഒരു ഔട്ട് ഹൗസ് കൃഷ്ണയ്ക്ക് താമസിക്കാന്‍ ശ്രീകാന്ത് ഒരുക്കിക്കൊടുത്തിരുന്നത്.