ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് രാജി. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി.

പിന്നാലെ രാജ്യത്താകെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷമുണ്ടായ സമരവേദിയിൽ സൈന്യത്തെ വിന്യസിച്ചു. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജി വയ്‌ക്കാനൊരുങ്ങുകയാണ്. രണ്ടു മന്ത്രിമാർ പ്രസിഡന്റിന് രാജിക്കത്ത് നൽകി.

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടൻ രാജിവച്ചേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു.

വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താൻ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏതാനും ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.