പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം


മലപ്പുറം: അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പരപ്പനങ്ങാടി പൊലിസിൽ പരാതി നൽകി.

ഞായറാഴ്ച ഉച്ചക്ക് കോട്ടയം വൈക്കത്ത് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോയ വീട്ടുകാർ ഇന്നലെ പുലർച്ചെ 3.30-ഓടെ തിരിച്ചെത്തി. പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോൾ വീടിന്റെ മുൻവാതിൽ തുറന്ന നിലയിലും വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളാകെ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മുൻ ഭാഗത്തെ വാതിലിന്റെ ലോക്ക് അടർത്തിയാണ് അകത്ത് കടന്നത്. കൊലായിലും വാതിലിന് സമീപത്തും മറ്റു വീടിന്റെ പരിസരങ്ങളിലും മുളക് പൊടി വിതറിയ നിലയിലാണ്.

രാവിലെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും മുളക് വിതറിയതിനാൽ ഡോഗ് പരിശോധന നടന്നില്ല. തുടർന്ന് വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പരപ്പനങ്ങാടി പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഈ വീടിന്റെ പരിസരത്തെ നാല് വീടുകളിൽ ഇതേ പോലെ കവർച്ച നടന്നിരുന്നു. ആ കേസുകളെല്ലാം ഒരു തുമ്പും ലഭിക്കാതെ കിടക്കുകയാണ്.