പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. ഒന്നരവയസുകാരിയായ മലാലയെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തുകയും അഞ്ചുവയസുകാരൻ ടിപ്പു സുൽത്താനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. റെനീസിന്റെ ഭാര്യ നജിലയെ (28) ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും ഉപദ്രവം തുടർന്നതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നെന്നും ക്വാർട്ടേഴ്സിൽ ബഹളം കേട്ടിരുന്നെന്നും അയൽവാസികൾ പറഞ്ഞു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ റെനീസ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.