അമ്മയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരത; കൊലപാതകമാണെന്ന് കുടുംബം
ആലപ്പുഴ: വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മരണത്തിന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന.ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉ്ണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് വിവരം.
ഇവർ തമ്മിലുള്ള വാട്‌സ് ചാറ്റുകൾ പലതവണ ഭാര്യ നജില കൈയോടെ പിടികൂടിയപ്പോൾ സമാനതകളില്ലാത്ത രീതിയിൽ റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നുവത്രെ.ഇതിനെച്ചൊല്ലി ക്വാർട്ടേഴ്‌സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനിസ് നൽകിയില്ല.ബന്ധം വേർപ്പെടുത്തിയാൽ വിട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജില തുടർന്ന് വന്നതെന്നും പറയുന്നു.
മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്‌സിൽ തർക്കമുണ്ടായിരുന്നുവത്രെ.രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്.എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ള രംഗത്ത് എത്തി.കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്‌ല.റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു.
ഇന്ന് രാവിലെയോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ കൂട്ട ആത്മഹത്യയുണ്ടായത്. അഞ്ചുവയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ് ക്‌ണ്ടെത്തിയത്.ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്.
ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ മാതാവ് ടിപ്പു സുൽത്താനെന്ന മകനെ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടിൽ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്‌ക്കാരം ആലപ്പുഴയിൽ തന്നെ നടക്കും