ശ്രീനിവാസൻ വധക്കേസ്; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ ഇന്ന് ഒരാൾ അറസ്‌റ്റിൽ. സർക്കാർ ഉദ്യോഗസ്ഥനാണ് ഇന്ന് പിടിയിലായത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷാദിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കേസിൽ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടു. കോങ്ങാട് ഫയർസ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ജിഷാദ്. പാലക്കാട് മേലാമുറി ജംഗ്‌ഷനിലെ കടയിൽ വച്ചാണ് ആർഎസ്എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയശേഷമാണ് പാലക്കാട്ട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വധിച്ചതെന്ന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു. ഇത് ഇത്തരത്തിൽ കേരളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമാണെന്നും വ്യക്തമാക്കുന്നു.
കൊലപ്പെടുത്താൻ നിശ്ചയിച്ച ആളിന്റെ വീട്, ഓഫീസ്, അവിടെ എപ്പോഴൊക്കെ ഉണ്ടാകും? ഉണ്ടാകില്ല തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയതുൾപ്പടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ശ്രീനിവാസനെ കൊലപ്പെടുത്താൻ നടത്തിയത് വൻ ഗൂഢാലോചനയാണ്. പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ എത്തിച്ചുനൽകുന്നതിലും സഹായികളായി പ്രവർത്തിച്ചു. ആയുധങ്ങളെത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കൃത്യത്തിൽ പങ്കെടുത്തവരും സഹായികളും കൂടാതെ മുപ്പതോളംപേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ആദ്യഘട്ടത്തിൽ 16 പ്രതികളെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.