ശശികുമാര്‍ എന്ന അദ്ധ്യാപകന്റേത് ഹീനമായ കൃത്യം; കെ ടി ജലീൽ

മലപ്പുറം: സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ അതിക്രമം ഹീനമായ പ്രവര്‍ത്തിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇത്തരക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഇത്തരക്കാര്‍ക്ക് ഉറപ്പ് വരുത്തണമെന്നും കെ ടി ജലീല്‍ കൂട്ടിചേര്‍ത്തു. സര്‍ക്കാരും, സിപിഐഎമ്മും വിഷയത്തില്‍ കൃത്യമായി ഇടപെട്ടെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലായിരുന്നു കെടി ജലീലിന്റെ പരാമര്‍ശം.

അധ്യാപകനും നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ സിപിഐഎം സ്വീകരിച്ച കടുത്ത നടപടിക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ട്. ധാര്‍മ്മികതയുടെ ഗീര്‍വാണം പുലമ്പുന്നവര്‍ സമാന കേസുകളില്‍ പ്രതികളായ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ തദ്ദേശ പ്രതിനിധികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പിണറായി പൊലീസിനില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും കെടി ജലീല്‍ അവകാശപ്പെട്ടു.

പോസ്റ്റ് പൂര്‍ണരൂപം-

മാതാ പിതാ ഗുരു ദൈവം എന്നാണ് ഭാരതീയ ദര്‍ശനം പറയുന്നത്. ഒരദ്ധ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത കുറ്റമാണ് മലപ്പുറത്തെ ഒരു സ്കൂളിലെ അദ്ധ്യാപകന്‍ ശശികുമാറില്‍ നിന്നുണ്ടായത്. അത്യന്തം ഹീനവും പൈശാചികവുമായ കൃത്യം. നിയമം അനുശാസിക്കുന്ന ശിക്ഷ ഇത്തരക്കാര്‍ക്ക് ഉറപ്പ് വരുത്തണം. അദ്ധ്യാപകനും മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറുമായ ശശികുമാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. ശശികുമാറിനെ സംബന്ധിച്ച് പരാതി ഉയര്‍ന്ന നിമിഷം തന്നെ മറ്റൊന്നിനും കാത്തു നില്‍ക്കാതെ സി.പി.എം അദ്ദേഹത്തെ പുറത്താക്കി. കൗണ്‍സിലര്‍ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തു.

സമാന കേസുകളില്‍ പ്രതികളായ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ തദ്ദേശ പ്രതിനിധികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ധാര്‍മ്മികതയുടെ ഗീര്‍വാണം പുലമ്പുന്നവര്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ സി.പി.എം സ്വീകരിച്ച കടുത്ത നടപടിക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ട്. തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏര്‍പ്പാട് പിണറായി പോലീസിനില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പരാതി കിട്ടിയ ഉടനെ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കി കേസെടുക്കുന്ന ഏര്‍പ്പാട് ഇടതു സര്‍ക്കാരിനില്ല. അങ്ങിനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. ‘ഓച്ചിറ’മോഡല്‍ നാടകങ്ങളൊഴിച്ച്.

ഒരു ഹിജാബിട്ട മിടുക്കിയായ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച ഉസ്താദിന്റെ നടപടിക്ക് മറയിടാന്‍ ശശികുമാറിന്റെ നിന്ദ്യമായ പ്രവൃത്തി ഉയര്‍ത്തിക്കാട്ടുന്നവര്‍ സ്വയം പരിഹാസ്യരാവുകയേ ഉള്ളൂ. ഓരോ സമുദായത്തിലെയും ജീര്‍ണ്ണതകള്‍ക്കും അബദ്ധ ധാരണകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ജനവിഭാഗത്തിലെ അക്ഷരം വായിക്കാനും എഴുതാനും അറിയുന്നവര്‍ക്കുണ്ട്.

ഞാന്‍ പഴയ സിമിക്കാരനാണെന്നാണ് ഉസ്താദിനെ ന്യായീകരിച്ച് കൊണ്ട് ഒരു വിദ്വാന്‍ പറഞ്ഞത്. സിമിയുടെ ആശയങ്ങളോട് വിയോജിച്ചാണ് ആ വഴി വേണ്ടെന്ന് വെച്ചത്. ന്യായീകരണ തൊഴിലാളികളുടെ നേതാവ് ഡോ: അബ്ദുസ്സമദ് സമദാനി എം.പിയും പഴയ സിമിക്കാരനാണെന്ന യാഥാര്‍ത്ഥ്യം മറക്കണ്ട. സമദാനിക്ക് പഴയ സിമിക്കാരന്‍ എന്ന ലേബല്‍ സുവര്‍ണ്ണ കിരീടവും എനിക്കത് മുള്‍ക്കിരീടവുമാകുന്നതിന്റെ ഗുട്ടന്‍സ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അന്യായം ആര് പറഞ്ഞാലും എതിര്‍ക്കും. അത് ഉസ്താദായാലും സന്യാസിയായാലും പാതിരിയായാലും ജഡ്ജിയായാലും ശരി. എന്റെ ചിന്ത ഒരാളുടെയും കക്ഷത്ത് പണയം വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ നിര്‍ഭയം കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. അതിലാരും ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല.