മോഡലിന്റെ ദുരൂഹമരണം; ഭർത്താവ് അറസ്റ്റിൽ
മോഡലിന്റെ ദുരൂഹമരണം; ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: ചലച്ചിത്ര നടിയും മോഡലുമായ കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന (20) കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ഫ്ളാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഭർത്താവ് കോഴിക്കോട് ചെറുകുളം സ്വദേശി സജ്ജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ തൂങ്ങിമരണമെന്നാണ് സൂചന നൽകുന്നതെങ്കിലും ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്ന് ഷഹനയുടെ അമ്മയും സഹോദരനും പറഞ്ഞു.
നിരവധി പരസ്യചിത്രങ്ങളിൽ മോഡലായ ഷഹന ഏതാനും തമിഴ് ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അർദ്ധരാത്രി ബഹളം കേട്ടെത്തിയ അയൽവാസികൾ ഷഹനയെ സജ്ജാദിന്റെ മടിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്.
ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. ബന്ധുവഴിവന്ന ആലോചനയായിരുന്നുവെങ്കിലും ഷഹനയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീട്ടുകാർ സമ്മതിച്ചത്.
ഷഹനയെ സ്വന്തം വീട്ടിൽ പോകാൻ അനുവദിക്കാതെ സജ്ജാദ് പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഷഹനയെ കാണാൻ പോലും വീട്ടുകാരെ അനുവദിച്ചില്ല. നേരത്തെ ഖത്തറിലായിരുന്ന ഇയാൾ വിവാഹശേഷം ജോലിക്ക് പോകാതെ ഷഹനയ്ക്ക് മോഡലിംഗിൽ കിട്ടുന്ന പണം പിടിച്ച് വാങ്ങി ധൂർത്തടിച്ച് ജീവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയും രണ്ടുപേരും വഴക്കിട്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഷഹനയ്ക്കു വന്ന ചെക്കിനെ ചൊല്ലിയായിരുന്നു തർക്കം. ഷഹന ജനലഴിയിൽ തൂങ്ങിയെന്നാണ് സജ്ജാദ് പൊലീസിനോട് പറഞ്ഞത്. മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും ഷഹന മരിച്ചിരുന്നു. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭർത്താവ് മയക്കുമരുന്നിന്
അടിമയെന്ന് സംശയം
സജ്ജാദ് മയക്കുമരുന്നിന് അടിമയാണോയെന്ന് പരിശോധിക്കുമെന്ന് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ പറഞ്ഞു. നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ വാടക കുറഞ്ഞ പറമ്പിൽ ബസാറിലെ ചെറിയ വാടക ഫ്ളാറ്റിലാണ് താമസം. ഇവിടെ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.ഷഹനയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയെന്നാണ് സൂചന.