സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത.
സംസ്ഥാനത്ത് ഈ മാസം 27ന് കാലവർഷം തുടങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആന്തമാൻ കടലിലും കാലവർഷം എത്തിച്ചേരും. കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തിൽ മഴ ശക്തമാകാനും സാധ്യതയുണ്ട്.