പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് വിൽപന മുഖ്യസൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാ‌‌ർത്ഥിസംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെൽ. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു (25), കളമശേരി മൂലേപ്പാടം നഗറിൽ വിഷ്ണു എസ്.വാര്യർ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്തുന്നതിനായി വൻതോതിൽ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളിൽ കടത്തിക്കൊണ്ടു വരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി സംഘം കുടുങ്ങിയത്. ഇടപ്പള്ളി വി.പി മരയ്ക്കാർ റോഡിലെ ഹരിത നഗറിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സച്ചിനാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നെത്തിച്ചിരുന്നത്. ക്ലാസ്സിൽ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.

യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബാംഗ്ലൂരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

കൂടുതൽ ലഹരി വിറ്റു?

14 ദിവസമാണ് ആറംഗ സംഘം ഇടള്ളിയിലെ ഫ്ലാറ്റിൽ താമസിച്ചത്. ഇവരുടെ കൈയിൽ വൻതോതിൽ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൈവശമുണ്ടായവ വിറ്റുതീർത്തെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐശ്വര്യയാണ് മയക്കുമരുന്ന് വില്പനയെല്ലാം നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും