കെ റെയിലിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ
മലപ്പുറം: സിൽവർ ലൈനിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിൻ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായം സ്വീകരിച്ചശേഷം പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കാനാണ് മെട്രോമാന്റെ നീക്കം. പൊന്നാനിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു ബദൽ പദ്ധതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതി നടപ്പിലാക്കും. ഇതിലൂടെ രണ്ടുലക്ഷത്തോളം പേരെ ട്രെയിൻ യാത്രക്കാരാക്കി മാറ്റാൻ കഴിയും. തുടർന്ന് ദീർഘകാല പദ്ധതി നടപ്പാക്കും. നിലവിലെ ഓപ്പറേഷൻ രീതി, സിഗ്നലിംഗ് സംവിധാനം തുടങ്ങിയവ മാറ്റുക എന്നിവയാണ് ഇതിൽ പ്രധാനം. ഇത് പൂർണമായി നടപ്പാക്കാൻ സിൽവർ ലൈൻ നടപ്പിലാക്കുന്നതിനെക്കാൾ കുറഞ്ഞ സമയവും ചെലവും മതിയാവും എന്നും അദ്ദേഹ പറഞ്ഞു.
സിൽവർ ലൈൻ കേരളത്തിന് യാേജിച്ചതല്ലെന്ന നിലപാടാണ് തുടക്കത്തിൽ തന്നെ ഇ ശ്രീധരൻ സ്വീകരിച്ചത്. സർക്കാർ പറയുന്ന സമയവും പണവും കൊണ്ട് പദ്ധതി നടപ്പാക്കാനാവില്ലെന്നും ഇപ്പോൾ പറയുന്ന സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.