ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം
പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി വിധിച്ചിരുന്നു.
മുസ്‌ലിം ലീഗ് നേതാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 25 പ്രതികൾക്കാണ് ജീവപര്യന്തം ലഭിച്ചത്. 2013 നവംബർ 21ന് സിപിഎം പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സി.എം. സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുൻപ് മരിച്ചിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കും കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല.
പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ എന്നിവരാണ് കുറ്റക്കാർ.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും രാഷ്ട്രീയ, വ്യക്തിവിരോധവുമാണു കൊലപാതകത്തിനു കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998ൽ കല്ലാംകുഴി പാലയ്ക്കാപറമ്പിൽ മുഹമ്മദ് വധിക്കപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ൽ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീണ്ടും പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയതോടെ പ്രശ്നത്തിനു രാഷ്ട്രീയമാനം മാനം കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടിൽ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായകസാക്ഷി. ലീഗുകാരായ പ്രതികളെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു.