യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയില്‍

കോഴിക്കോട്: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പൊലീസ് പിടിയില്‍. അരീക്കാട് സ്വദേശി അനീഷ (30) നല്ലളം സ്വദേശി ഷംജാദ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് ടൗണ്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാമിലൂടെ യുവാക്കളുമായി അനീഷ സൗഹൃദം സ്ഥാപിക്കും. ഓണ്‍ലൈന്‍ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കും. പിന്നീട് ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി ട്രാപ്പ് ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയതായാണ് വിവരം.

കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അനീഷ പരിചയപ്പെടുന്നത്. പ്രണയമാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കോഴിക്കോടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയെ വിശ്വസിച്ച് കോഴിക്കോട് എത്തിയ യുവാവിനെ ആനിഹാള്‍ റോഡിലുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച അനീഷയും അവിടെ കാത്തിരുന്ന ഷംജാദും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം യുവാവിന്‍റെ പക്കലുണ്ടായിരുന്ന പണവും, മൊബൈലുമായി കടന്ന് കളയുകയായിരുന്നു.

അതേസമയം മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലും അനീഷയും,ഷംജാദും നേരത്തെ പൊലീസ് പിടിയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് നിരവധിപേരെ ഇത്തരത്തില്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയതായാണ് വിവരം. നാണക്കേട് ഭയന്ന് പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു.