ബൈക്കില്‍ മൂന്നുപേരുമായി യാത്ര; യുവാവിന് താനൂര്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.
താനൂർ: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിനാണ് മര്‍ദ്ദനമേറ്റത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ് തന്‍വീര്‍.
ഒഴൂരിനടുത്ത് തെയ്യാല സ്വദേശിയായ മുഹമ്മദ് തന്‍വീര്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്‌തെന്ന പെറ്റി കേസിന് ക്രൂരമര്‍ദ്ദനമേറ്റതെന്നാണ് പരാതി. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തന്‍വീറിനെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച തന്‍വീറിന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്‌തെന്ന് തന്‍വീര്‍ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കണ്ണില്‍ കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു.
മര്‍ദ്ദനശേഷം വീട്ടിലേക്ക് പോയെങ്കിലും ചോര ഛര്‍ദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകള്‍ കാണുകയും ചെയ്തതോടെ ആശുപത്രിയില്‍ ചികിത്സതേടി. പരാതി നല്‍കരുതെന്ന പൊലീസിന്റെ ഭീഷണിയില്‍ ആദ്യം ഡോക്ടറോട് പറയാന്‍ മടിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നു പറയുകായിരുന്നു. വീട്ടുകാരെയും മരിച്ചു പോയ ഉമ്മയെ കുറിച്ചും അസഭ്യം പറയുകയും വിദേശത്തു പോകാന്‍ ഒരുങ്ങുന്ന തന്നെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് യാത്ര മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് തന്‍വീര്‍ പറഞ്ഞു. ട്രിപ്പിള്‍ വച്ചെന്ന കുറ്റത്തിന് 500 രൂപ പിഴയീടാക്കിയതിനു പിന്നാലെയാണ് മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്. ഈവര്‍ഷം ഡിഗ്രി പഠനം പൂര്‍ത്തിയായ തന്‍വീര്‍ അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ്. ഒഴൂര്‍ തയ്യാല ഞാറക്കാടന്‍ അബ്ദുല്‍സലാം ആണ് തന്‍വീറിന്റെ പിതാവ്.