Fincat

അറ്റകുറ്റപ്പണികൾക്കായി ഫറോക്ക് പഴയപാലം അടച്ചു

ഫറോക്ക്: ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. മൂന്നു മാസം നീണ്ടുനിൽകുന്ന നവീകരണത്തിന് ശേഷം തുറക്കും. ചാലിയാറിനു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ നിരോധിച്ചു.

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണി. കണ്ടെയ്നർ ലോറികൾ ഇടിച്ചു പൊട്ടിയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകൾ വെൽഡിങ് നടത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ പുതിയ ഡിസൈൻ പ്രകാരം പാലത്തിൽ ചായം പൂശി അലങ്കാര വിളക്കുകൾ സ്ഥാപിക്കും.

ഇരുവശത്തും ആകർഷകമായ കവാടം ഉൾപ്പെടെ 90 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങൾ പഴയ പാലത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ സുരക്ഷാ കമാനം കരുത്തുറ്റതും ആകർഷകവുമാക്കാനും പദ്ധതിയുണ്ട്. ഇരുകരയിലും കമാനത്തിന് സമീപം പൂട്ടുകട്ട പാകി നടപ്പാത സൗകര്യം ഒരുക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ കരയിൽ നിന്നും ജലയാത്രയിലും ഇരുമ്പു പാലം വിസ്മയക്കാഴ്ചയാകും. മൂന്നു മാസം കൊണ്ടു പ്രവൃത്തി പൂർത്തീകരിക്കാനാണ് കരാർ.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം സന്ദർശിച്ചു. പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നടപ്പാതയിലെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമാക്കാനും മന്ത്രി നിർദേശം നൽകി.