Fincat

ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ. ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം (33), സഹോദരൻ അബ്ദുൽ റഹ്മാൻ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണിൽ വീട്ടിൽ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയിൽ വീട്ടിൽ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്പിൽ വീട്ടിൽ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആൻഡ് കഫേയിൽ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഏപ്രിൽ 30ന് സമാന രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസും പ്രതികൾക്കെതിരെയുണ്ട്. ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ല പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് നടപടി. മലപ്പുറം ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, എ.എസ്.ഐമാരായ സിയാദ് കോട്ട, മോഹൻദാസ്, ഗോപി മോഹൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീർ, വിക്ടർ, സിറാജ്, ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്